Sunday, 25 May 2014

2

1983 ഡിസംബര്‍ മാസത്തിലെ ആ രാത്രി സക്കറിയയ്ക്കു നല്ലയോര്‍മ്മയുണ്ട്. മാത്തച്ചനും ജയമോഹനും ഭാസ്കരനും അപ്പുനായരും കേശവന്‍ പോറ്റിയും മറന്നിരിക്കാന്‍ സാധ്യതയില്ലാത്ത ഒരു ദിവസം തന്നെ. സക്കറിയായുടെ പെങ്ങള്‍ ലില്ലിക്കുട്ടിയുടെ വിവാഹത്തിനു മുന്നോടിയായി നടന്ന സല്കാരത്തില്‍ പങ്കെടുത്തത് ഇത്രയും പേരായിരുന്നു.

അതൊരു പാനീയ സല്കാരമാണെന്ന് സക്കറിയ മുന്നറിയിപ്പു നല്കിയിരുന്നില്ല. ഞാലീക്കണ്ടത്തിലെ വൈകിട്ടത്തെ ഇരിപ്പുകമ്പനി- അതായത് അപ്പുനായര്‍, ജയമോഹന്‍, മാത്തച്ചന്‍, കുമ്പിക്കാടന്‍ ഭാസ്കരന്‍ ഇത്രയും പേര്‍ക്കുവേണ്ടി പെങ്ങളുടെ കല്യാണത്തിന്റെ പേരില്‍ ഒരു ചിലവ് എന്നേ അവന്‍ പറഞ്ഞിരുന്നുള്ളു.

സത്യത്തില്‍ കൂട്ടത്തില്‍ പലരെയും സംബന്ധിച്ചിടത്തോളം ആത് ആദ്യത്തെ മദ്യം നുണയലായിരുന്നു താനും. തെക്കെയാഫ്രിക്കയില്‍ ജോലിക്കു പോയിരുന്ന അന്നമ്മയാന്റിയും കുടുംബവും അവധിക്കാലത്ത് വന്നതോടനുബന്ധിച്ച് രണ്ടുകൊല്ലം മുന്പ് ആന്റിയുടെ മക്കള്‍ മൈക്കിളും ഡോണും ഒരുമിച്ചിരുന്ന് സക്കറിയ ആദ്യമായി മദ്യത്തിന്റെ രുചിപിടിച്ചിരുന്നു. അവന്‍ പ്രീഡിഗ്രി റിസള്‍ട്ടറിഞ്ഞ് ബി ഏയ്ക്കു ചേരാന്‍ അപേക്ഷകൊടുത്തു നില്ക്കുന്ന കാലമായിരുന്നു അത്.കുമ്പിക്കാടന്‍ ഭാസ്കരന്‍ ഏതാണ്ടൊരു പ്രൊഫഷണല്‍ കാഴ്ചപ്പാടോടെയാണു കിട്ടിയ ബ്രാന്‍ഡി വിഴുങ്ങിയത്. പണിയുള്ള ദിവസങ്ങളിലൊക്കെ വൈകിട്ട് ഞാലീക്കണ്ടത്തിലെ ഷാപ്പില്‍ മുതിര്‍ന്നവര്‍ കാണാത്തപാങ്ങുനോക്കിച്ചെന്നു ചാരായം നുണയുന്നത് ഒരു സാഹസികകര്‍മ്മമായി അവന്‍ കരുതി. ആദ്യമാദ്യം വൈകിട്ട് വീട്ടില്‍ചെല്ലുമ്പോള്‍ പിടിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുമായിരുന്നെങ്കിലും കുറെനാളെത്തിയപ്പോഴേക്കും അതും കാര്യമാക്കാതായി. അപ്പുനായര്‍ കൂട്ടത്തില്‍ പ്രായം കൂടുതലുള്ളയാളാണെങ്കിലും സാത്വികമെന്നു പറയാവുന്ന ഒരു പരിവേഷം കാത്തുസൂക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. അതുകൊണ്ടു തന്നെ ഒരു തുടക്കക്കാരനാണെന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള പരിഭ്രമത്തോടെ,ഇരുട്ടത്തും ആരെങ്കിലും കണ്ടാലോ എന്ന വിറയലോടെ കിട്ടിയത് വെട്ടമൊഴിയുമാറൊന്നു തിരിഞ്ഞ് ഒറ്റവിഴുങ്ങായിരുന്നു. അപ്രതീക്ഷിതമായ ഒരു കത്തലില്‍ അയാള്‍ ശരിക്കും ഒന്നു നിലവിളിക്കുകപോലും ചെയ്തു.ജയമോഹനും മാത്തച്ചനും ആദ്യമായി മദ്യം രുചിക്കുകയായിരുന്നു. ജയമോഹന്‍ അതിന്റേതായ ഒരു കരുതല്‍ പ്രകടിപ്പിച്ചെങ്കിലും മാത്തച്ചന്‍ വര്‍ത്തമാനത്തില്‍ മുഴുകുകയും അതിനനുസരിച്ച് മദ്യം നുണയുകയും ഗ്ലാസ്സു തീരുമ്പോള്‍ അടുത്തതിനുവേണ്ടി ആവശ്യപ്പെടുകയും ചെയ്തു. സക്കറിയാ ആയിരുന്നു ഒഴിപ്പിന്റെ ചുമതല. വൈകിട്ടുതന്നെ കമ്മാളത്തകിടിയിലെ കടയില്‍ നിന്നും പറഞ്ഞു ചെയ്യിച്ച അപ്പവും പോത്തുകറിയും മദ്യത്തിനു കൂട്ടുണ്ടായിരുന്നു. 

ഉത്സവകാലമായതിനാല്‍  അഞ്ചുപേര്‍ക്കും ഇത്തരമൊരു ഒത്തുചേരല്‍ വലിയ പ്രശ്നങ്ങളില്ലാതെ സംഘടിപ്പിക്കാനായി. ഉത്സവകാലത്തെ പത്തു ദിനങ്ങളും വേണ്ടിവന്നാല്‍ രാത്രി ഉറക്കമിളയ്ക്കാന്‍ പാകത്തില്‍ അവര്‍ക്കെല്ലാം വീട്ടില്‍ നിന്ന് അനുമതി കിട്ടിക്കഴിഞ്ഞിരുന്നു. പിന്നെ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു, മുഖ്യപ്രശ്നം. ഏഴാം ഉത്സവം മുതല്‍ വഴികളിലെല്ലാം എല്ലാ നേരത്തും ആള്‍പ്പെരുമാറ്റം ഉണ്ടായിരിക്കുമെന്നതിനാല്‍ അതിനുമുന്പുള്ള ഒരു ദിവസം തിരഞ്ഞെടുത്തതും കൂടാന്‍ പറ്റിയ സ്ഥലം കണ്ടെത്തിയതുമൊക്കെ സക്കറിയ തന്നെയായിരുന്നു. അന്നു നാലാം ഉത്സവമായിരുന്നു. ഐരാറ്റില്‍ പാലത്തിന്റെയവിടെ സാംബശിവന്റെ കഥാപ്രസംഗം കേള്‍ക്കാനെന്നു പറഞ്ഞാണ് എല്ലാവരും ഇറങ്ങിയത്.

ഒരു നല്ല സംഘാടകനാണെന്നു തെളിയിക്കത്തക്ക കൈത്തഴക്കത്തോടെ മദ്യം വിളമ്പാനും ലഹരി തലയ്ക്കു പിടിച്ചവരെ സമര്‍ഥമായി കൈകാര്യം ചെയ്യാനും അവന്‍ പരമാവധി ശ്രദ്ധിച്ചു. പക്ഷേ, അപ്രതീക്ഷിതമായി കുമ്പിക്കാടന്‍ ഭാസ്കരന്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ അവന്റെ സമചിത്തത നഷ്ടപ്പെട്ടു.

No comments:

Post a Comment