Saturday, 24 May 2014

മഞ്ഞച്ച ചിത്രങ്ങളുടെ ആല്‍ബം


1

നേര്‍ത്ത മഞ്ഞുള്ള ആ രാത്രിയില്‍ പത്തുപേര്‍ ഞാലീക്കണ്ടത്തിലെ ഒരു സങ്കേതത്തില്‍ ഒത്തുചേര്‍ന്നു. ഒരാളെ സംബന്ധിച്ചിടത്തോളം അത് വര്‍ഷങ്ങള്‍ക്കുശേഷം സുഹൃത്തുക്കളുമായിട്ടുള്ള ഒത്തുചേരലായിരുന്നു. സക്കറിയ യു എസ്സിലേക്ക് ചേക്കേറിയ ശേഷം പലതവണ നാട്ടില്‍ വന്നു പോയിട്ടുണ്ടെങ്കിലും ജയമോഹനടക്കം പഴയ സൗഹൃദവലയത്തിലെ പലരെയും കാണാന്‍ സാധിച്ചിരുന്നില്ല. എല്ലാവരും അവരവരുടെ തിരക്കുകളില്‍ കുരുങ്ങിപ്പോയി എന്നതുതന്നെയായിരുന്നു കാര്യം. ഇത്തവണ കുറെ ദീര്‍ഘമായ അവധിക്കാലം കൈവശപ്പെടുത്തി വന്നതിന്റെ ഉദ്ദേശം ഈ ഒരു കൂടിച്ചേരലായിരുന്നു.
പത്തുപേര്‍. അവരില്‍ ഏഴുപേര്‍ എണ്‍പതുകളിലെ ഞാലീക്കണ്ടത്തിന്റെ പ്രതിനിധികളാണ്-
ജയമോഹന്‍, സക്കറിയാ,  കേശവന്‍പോറ്റി, അപ്പുനായര്‍, കിട്ടന്‍, കുമ്പിക്കാടന്‍ ഭാസ്കരന്‍, മാത്തച്ചന്‍. ഒരു മാതൃഭൂമി സര്‍ക്കിളില്‍ തുടങ്ങിയ കൂട്ടായ്മ, പിന്നീട് ഒരു ചെറുകിട ഫിലിം സൊസൈറ്റിയും ഒക്കെയായി വളര്‍ന്നു. അത്തരം എല്ലാ കൂട്ടായ്മകള്‍ക്കും സംഭവിക്കാറുള്ളതുപോലെ ജീവിതത്തിന്റെ വിളികള്‍ കേട്ട് ഓരോരുത്തരായി പലവഴി പിരിഞ്ഞുപോവാന്‍ തുടങ്ങി. അതിന്റെ അവശിഷ്ടങ്ങളായി രണ്ടു മൂന്നു പേര്‍ ഞാലീക്കണ്ടത്തില്‍ എക്കാലവും ഉണ്ടായിരുന്നു എങ്കിലും ജയമോഹനും കുമ്പിക്കാടന്‍ ഭാസ്കരനുമൊഴിച്ച് ആരും തന്നെ സ്ഥിരമായി കവലയിലേക്ക് ഇറങ്ങാറില്ലായിരുന്നു. അവര്‍രണ്ടുപേരും തമ്മിലാണെങ്കിലും വെറും ഒരു പരിചയത്തിന്റെ അടുപ്പം ഒരു തലകുലുക്കലിലോ മൂളലിലോ ബീഡി പങ്കിടലിലോ ഒതുങ്ങിപ്പോവുകയും ചെയ്തു.

ഞാലീക്കണ്ടത്തിന്റെ വൈകുന്നേരങ്ങള്‍ സജീവമാക്കാന്‍ പുതിയ പലതലമുറകളും സംഘങ്ങളും വന്നു എങ്കിലും സ്ഥിരതയുള്ള ഒന്നെന്നു പറയാവുന്നത് ജയമോഹനുള്‍പ്പെട്ട ഒരു ഇരിപ്പു സംഘം തന്നെയായിരുന്നു. അതുകൊണ്ടുതന്നെ പഴയ കാലത്തിന്റെ പ്രതിനിധികളോടൊപ്പം ഇളമക്കാരുടെ സംഘത്തിലെ മൂന്നുപേര്‍ക്കും കൂടി സ്ഥാനം ലഭിച്ചു. വിപിന്‍, വില്‍സണ്‍, ഹേമന്ത് എന്നിവര്‍ക്ക്.

രാത്രി വളരുകയും കുളിരിനു കനംവയ്ക്കുകയും ചെയ്തതോടെ ആ പത്തംഗകൂട്ടായ്മയുടെ സംസാരവേഗവും ഒച്ചയും വ്യത്യാസപ്പെടാന്‍ തുടങ്ങി. പഴയവര്‍ക്കും പുതിയവര്‍ക്കും ഇടയിലെ പാലം ഉറച്ചു. സ്കോച്ചിന്റെ കുപ്പികള്‍ ഒഴിയുകയും പുതിയവ ആഘോഷത്തോടെ തുറക്കപ്പെടുകയും ചെയ്തു.

'എന്റെ കൈയ്യിലൊരു സാധനമുണ്ട്. അല്പം ദിവ്യമായിട്ടുള്ളതാ..' നേര്‍ത്ത കുഴച്ചിലോടെ കേശവന്‍ പോറ്റീ പറഞ്ഞു. അക്കൂടത്തില്‍ ഏറ്റവും കുറച്ചുമാത്രം മദ്യം ഉപയോഗിച്ചിരിക്കുന്നത് അയാളാണ്. ഒരു ദിവ്യകര്‍മ്മം അനുഷ്ഠിക്കുന്നതുപോലെ സ്വര്‍ണ്ണനിറമാര്‍ന്ന ദ്രാവകം മെല്ലെ നുണഞ്ഞ് അയാള്‍ സേവിക്കുന്നതു കണ്ട് കുമ്പിക്കാടന്‍ ഭാസ്കരനും അപ്പുനായരും മുഖാമുഖം നോക്കി ചിരിക്കുകയും ചെയ്തു.

' എന്തവാ, തിരുമേനീ, ആ ദിവ്യ സാധനം? വല്ല താളിയോലയോ തകിടോ, യന്ത്രമോ വല്ലതുമാണോ? പഴയ ഇല്ലത്തിന്റെ പരണത്തൂന്ന് കിട്ടിയത്.?'

'അത്തരമൊന്നുതന്നെയാ', ജുബ്ബയുടെ പോക്കറ്റിലേക്ക് കൈയ്യിട്ടുകൊണ്ട് തിരുമേനി പറഞ്ഞു. അയാള്‍ ഒരു ചെറിയ ആല്‍ബം പുറത്തെടുത്തു.

' ഓ, ഇതാണോ ദിവ്യയന്ത്രം? ' കുമ്പിക്കാടന്‍ നിരാശ മറച്ചു വച്ചില്ല.

കേശവന്‍ പോറ്റി അതിനോടു പ്രതികരിച്ചില്ല. അയാള്‍ ആല്‍ബം തുറന്ന് ഒരു താള്‍ എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ മലര്‍ത്തിപ്പിടിച്ചു.

' ഓ, ഇതു ലില്ലിക്കുട്ടീടെ കല്യാണപ്പാര്‍ട്ടിയല്ലിയോ.' മാത്തച്ചന്‍ പറഞ്ഞു. അയാള്‍ക്ക് നാവു നന്നേ കുഴയുന്നുണ്ടായിരുന്നു.

സക്കറിയാ ആല്ബം വാങ്ങി നോക്കി. പടത്തിനു നന്നേ പഴക്കം ബാധിച്ചിരുന്നു. അയാളും ജയമോഹനനും ഗ്ലാസ്സുകള്‍ കൂട്ടിമുട്ടിച്ച് നില്‍ക്കുന്നതും വലതുവശത്തായി കുമ്പിക്കാടന്‍ ഭാസ്കരന്‍ ബീഡി അസ്വസ്ഥതയോടെ പുകച്ചുവിടുന്നതും കാണാമായിരുന്നു. പശ്ചാത്തലത്തില്‍ കാട്ടുകല്ലുകളടുക്കിവച്ച കയ്യാലയാണ്. സക്കറിയായുടെ പറമ്പിന്റെ പിന്നാംപുറത്ത്. മുരിങ്ങക്കുന്നില്‍ നിന്നും പെരുംപടിയിലേക്കിഴഞ്ഞിറങ്ങുന്ന ഒറ്റയടിപ്പാതയില്‍.....

No comments:

Post a Comment