3
ആ ഫോട്ടോയിലേക്ക് നോക്കിയ ജയമോഹന്‍ ആദ്യം ശ്രദ്ധിച്ചത് തന്റെ രൂപം എത്രമാത്രം വ്യത്യസ്തമായിരുന്നു എന്നതാണ്. പടത്തില്‍ ഒപ്പം കാണുന്ന കുമ്പിക്കാടന്‍ ഭാസ്കരനെയും സക്കറിയയെയും താരതമ്യം ചെയ്യുമ്പോള്‍ പ്രകടമായ മാറ്റം തനിക്കുമാത്രമാണെന്നയാളറിഞ്ഞു. അന്നേ മുടിയും താടിയും നീട്ടിയിരുന്ന ഭാസ്കരന്‍ ഒരു കാലാതീതമായ അവസ്ഥയെ രൂപം കൊണ്ടു പ്രാപിച്ചിരുന്നു. അല്പം തടിച്ചതും കണ്‍തടത്തില്‍ വെളിവാകുന്ന കുറെ നേര്‍ത്ത മടക്കുകളും ഒഴിച്ചു നിര്‍ത്തിയാല്‍ സക്കറിയായുടെ രൂപത്തിലും വലിയ മാറ്റമൊന്നുമില്ല.
നേര്‍ത്ത ഊശാന്‍താടിയും ചിതറിപ്പറന്നു കിടക്കുന്ന മുടിയിഴകളും ചേര്‍ന്ന് ചടുല യൗവനത്തിന്റേതായ ഒരു പ്രഭാവലയം തീര്‍ക്കുന്നുണ്ട് ജയമോഹന്റെ ചിത്രത്തിന്. ഏതാനും നരച്ച ഇഴകള്‍ മാത്രം ശേഷിച്ച തലയിലാകമാനം വിരലോടിച്ചുകൊണ്ട് ജയമോഹനോര്‍ത്തു, അതൊരു വല്ലാത്ത രാത്രിയായിരുന്നു.
ഒട്ടൊരു ആവേശത്തോയായിരുന്നു ആ രാത്രി പരിപാടിയില്‍ പങ്കെടുക്കാന്‍ അവന്‍ ഞാലിക്കണ്ടത്തിലെത്തിയത്. അമ്പലത്തിന്റെ ആല്‍ത്തറയില്‍ കുമ്പിക്കാടന്‍ ഭാസ്കരന്‍ ഇരിക്കുന്നുണ്ടായിരുന്നു. പറമ്പിന്റെ പടിഞ്ഞാറേ മൂലയില്‍ ഷട്ടില്‍ കളിക്കുന്നവരുടെ കൂട്ടത്തില്‍ മാത്തച്ചനും.ഷട്ടില്‍ കളി കഴിഞ്ഞ തോടെ മൂന്നു പേരും കൂടി അമ്പത്തിന്റെ വടക്കേ മൂലയിലൂടെ ഇടവഴിയിലേക്കിറങ്ങി കുന്നു കയറാന്‍ തുടങ്ങി. അതുമിതും പറഞ്ഞ് സ്ഥലമെത്തിയപ്പോഴേക്കും സക്കറിയ അവിടെ തയ്യാറായി നില്പുണ്ടായിരുന്നു. സക്കറിയ കൈവശമുണ്ടായിരുന്ന ടോര്‍ച്ച് മിന്നിച്ച് സ്ഥലമാകെയൊന്നു നോക്കി. കിട്ടിയ മൂന്നു കല്ലുകളിലായി അവര്‍ സ്ഥാനം പിടിച്ചു. സക്കറിയായുടെ പറമ്പിലൂടെയുള്ള വഴിയായതിനാല്‍ ആരും അതിലെ വരുമെന്നു പേടിക്കേണ്ടതില്ല. വീടില്‍ നിന്നും കുറെയകന്ന് കിഴക്കുമാറി താണ ഒരു തട്ടിലാണിരിക്കുന്നതെന്നതിനാല്‍ വീട്ടില്‍ നിന്നും അങ്ങോട്ടേക്ക് നോട്ടമെത്തില്ല. രണ്ടു വശത്ത് ഉയര്‍ന്ന കയ്യാലകളുടെ മറവുണ്ട്. മറ്റിടങ്ങളില്‍ സമൃദ്ധമായി വളര്‍ന്നു നില്‍ക്കുന്ന ഇല്ലിക്കാടിന്റെയും. അതുകൊണ്ട് ആ സ്ഥലം പുറത്തുനിന്നും അകത്തുനിന്നുമുള്ള നോടത്തില്‍ നിന്നും മറഞ്ഞിരിക്കുന്നു. താഴെനിന്ന് ആരെങ്കിലും ഇടവഴി കയറി വരുന്നുണ്ടെങ്കില്‍ വെട്ടം കാണുകയും ചെയ്യാം.
ഒച്ചയുണ്ടാക്കാതെ അവര്‍ നാലുപേരും ഓരോന്നു സംസാരിച്ചിരുന്നു. സംബശിവന്റെ കഥാപ്രസംഗം കേള്‍ക്കാന്‍ പോവുകയാണെന്ന ഒരേ കഥതന്നെയാണ് വീട്ടുകളില്‍ പറഞ്ഞിരിക്കുന്നതെന്ന് സക്കറിയയും ജയമോഹനും മാത്തച്ചനും പരസ്പരം ഉറപ്പുവരുത്തി. അവര്‍ അപ്പു നായരുടെ വരവു കാത്തിരുന്നു.
താഴെ നിന്നും ഒരു ടോര്‍ച്ച് മിന്നുന്നതു കണ്ടപ്പോള്‍ അപ്പു നായര്‍ തന്നെയാണതെന്നു ബോധ്യമുണ്ടായിരുന്നെങ്കിലും ഒച്ചയുണ്ടാക്കാതെ, കുന്നു കയറി വരുന്ന വെളിച്ച ത്തെ സാകൂതം അവര്‍ നിരീക്ഷിച്ചു.
വെളിച്ചം അടുത്തടുത്തുവന്നു. കുന്നു കയറി വരുന്നത് രണ്ട് ആള്‍രൂപങ്ങളാണെന്ന് മെല്ലെ തെളിഞ്ഞു തുടങ്ങിയപ്പോള്‍ ജയമോഹന്റെ ഉള്ളൊന്നു കാളി. ആശങ്കയോടെ അവന്‍ സക്കറിയയെ നോക്കി. അവനു ചാഞ്ചല്യമൊന്നുമില്ലെന്നു കണ്ട് അവന്‍ മറ്റുള്ളവരെ നോക്കി. അവരും തന്നെപ്പോലെ തന്നെ അമ്പരന്നിരിക്കുകയാണെന്ന് അരണ്ട വെളിച്ചത്തിലവന്‍ മനസ്സിലാക്കി.
' തെക്കേയില്ലത്തെ തിരുമേനി കൂടി വരുമെന്ന് അപ്പുച്ചേട്ടന്‍ ഉച്ചയ്ക്കു പറഞ്ഞാരുന്നു' സക്കറിയ വിശദീകരിച്ചു. രണ്ടു നിഴല്‍ രൂപങ്ങളൂം അപ്പോള്‍ വ്യക്തതയാര്‍ജ്ജിച്ചു തുടങ്ങിയിരുന്നു. അവര്‍ തൊട്ടു താഴത്തെ തിട്ടലിലെത്തിയിരുന്നു.
കയറി വരുന്നത് തിരുമേനിയാണെന്നറിഞ്ഞതോടെ ജയമോഹന്റെ സര്‍വ ഉത്സാഹവും കെട്ടു. കൂട്ടുകാര്‍ മാത്രമുള്ള ഒരു സ്ഥലത്തേക്ക് മുതിര്‍ന്ന ഒരാള്‍ വരുമ്പോള്‍ തോന്നുന്ന ഒരസ്വസ്ഥത. തന്നെയുമല്ല, ഈ തിരുമേനി മിക്ക വൈകുന്നേരങ്ങളിലും അച്ഛന്റെയും കൂട്ടരുടെയും സംഘത്തോടൊപ്പം മുറുക്കാനോ സിഗററ്റോ പങ്കുവച്ച് കഥപറഞ്ഞിരിക്കുന്നതു കണ്ടിട്ടുമുണ്ട്.' നാശം. ആ തിരുമേനിയുമുണ്ട്. ആകെ കുഴപ്പമായി. ' അവന്‍ മാത്തച്ചന്റെ ചെവിയില്‍ പിറുപിറുത്തു.
4
'ഈ അപ്പുച്ചേട്ടന്റെയൊരു കാര്യം. വല്ല ആവശ്യോമൊണ്ടോ, ഇങ്ങേരെയിങ്ങോട്ടു കെട്ടിയെടുക്കാന്‍. ഇനി ഒരു സിഗരറ്റു വലിക്കണമെന്നു തോന്നിയാല്‍എന്തോചെയ്യും?' അസ്വസ്ഥത ഒളിപ്പിക്കാതെ മാത്തച്ചന്‍ പിറുപിറുത്തു. പെങ്ങളുടെ കല്യാണത്തിന്റെ പേരില്‍ നടത്തുന്ന പാര്‍ട്ടിയായതിനാല്‍ വീട്ടില്‍ നിന്നെ ഒരു പായ്ക്കറ്റ് വിദേശ സിഗററ്റെങ്കിലും സക്കറിയാ കടത്തിക്കൊണ്ടു വരാതിരിക്കില്ലെന്നവനുറപ്പുണ്ടായിരുന്നു. കോളേജു പഠനത്തിന്റെ ആദ്യ നാളുകളില്‍ പരിചയപ്പെട്ട ഒരു പുതിയ സുഖം ഞാലീക്കണ്ടത്തില്‍ വച്ച് ആസ്വദിക്കാന്‍ മാത്തച്ചന് യാതൊരു സാധ്യതയുമില്ല. ഉത്സവകാലത്ത് രാത്രി ഉറക്കമിളയ്ക്കുമ്പോളെങ്കിലും ഒന്നോ രണ്ടോ സിഗററ്റ് വലിക്കണമെന്ന് അവന്‍ എത്രയോ നേരത്തെ മനസ്സില്‍ കണക്കുകൂട്ടിരുന്നതാണ്. ഇപ്പോളതെല്ലാം വെറുതെയാവുന്നു. അപ്പച്ചന്റെയും മറ്റും കൂട്ടുകാരനായ തിരുമേനിയുള്ളപ്പോള്‍ ആ ആഗ്രഹം നടക്കാന്‍ പോകുന്നില്ല.
കല്ലൂപ്പാറയിലേക്കു നീളുന്ന വഴിയുടെ തെക്കുവശത്തായി കാക്കോളില്‍ക്കാരുടെ മൂന്നുമുറി കെട്ടിടത്തിന്റെ വിശാലമായ നടുമുറിയിലാണ് പപ്പുപിള്ളയുടെ ചായക്കട. വൈകുന്നേരങ്ങളില്‍ അതിന്റെ വരാന്തയില്‍ ഒരു കൂട്ടമുണ്ട്. പഞ്ചായത്തു പ്രസിഡന്റും ക്ഷേത്രസമിതി രക്ഷാധികാരിയുമായ സദാശിവക്കുറുപ്പ്, മുന്‍ പഞ്ചായത്തുപ്രസിഡന്റ് ഡോ. ഫിലിപ്പ് മാത്യൂ എന്ന മാത്തച്ചന്റെ അപ്പച്ചന്‍, ഗവണ്‍മെന്റ് സ്കൂള്‍ അധ്യാപകനായ പ്രഭാകരന്‍ സാര്‍ എന്ന ജയമോഹന്റെ അച്ഛന്‍, തടിമില്ലുകാരന്‍ ഗോവിന്ദപ്പിള്ള എന്നീ പ്രമുഖര്‍ മുടങ്ങാതെ അവിടെക്കൂടും. റേഷന്‍ കട നടത്തുന്ന ഈശ്വരപിള്ള, പലചരക്കുകട ബേബിമാപ്പിള, ലോറിയുടമ കുഞ്ഞച്ചന്‍ എന്നിവരും ഒഴിവുള്ളപ്പോള്‍ ആ കൂട്ടത്തില്‍ കൂടും. ഈ പ്രമുഖരുടെ കൂട്ടായ്മയ്ക്ക് പുറംപോരു തീര്‍ക്കാന്‍ മറ്റുപലരും കൂടാറുണ്ടെങ്കിലും ശ്രദ്ധേയമായ ഒരു സാന്നിധ്യം കേശവന്‍ പോറ്റിയുടേതാണ്.
വളവുതിരിഞ്ഞ് തങ്ങളിരിക്കുന്നതിനടുത്തേക്ക് അപ്പുനായരും തിരുമേനിയും വരുന്നത് അരിശത്തോടെ അവന്‍ നോക്കിയിരുന്നു. തിരുമേനിയുടെ തോളത്ത് തൂങ്ങിക്കിടക്കുന്നത് ഒരു ക്യാമറയാണെന്ന് അവന്‍ തിരിച്ചറിഞ്ഞു.
തിരുമേനിയുടെക്യാമറ മിന്നിയപ്പോളൊക്കെ താന്‍ പടത്തില്‍ പെടരുതേയെന്നു പ്രാര്‍ഥിച്ചത് മാത്തച്ചന്‍ ഉള്ളാലെ ഓര്‍ത്തു. ആ പ്രാര്‍ഥന കാരണമായിരിക്കാം അന്നു തിരുമേനിയെടുത്ത പടത്തില്‍ ഒരെണ്ണം മാത്രമേ കുറച്ചെങ്കിലും തെളിഞ്ഞുള്ളു. കുറെ ദിവസം കഴിഞ്ഞ് ഞാലീക്കണ്ടത്തില്‍ വച്ച് തിരുമേനി ആ വിവരം പറയുകയും തെളിഞ്ഞ ഒരേയൊരു പടം അവരെ കാണീക്കുകയും ചെയ്തു.പടത്തിലേക്കു നോക്കി തന്റെ അദൃശ്യസാന്നിദ്ധ്യത്തെ തൊട്ടെടുക്കുവാന്‍ മാത്തച്ചന്‍ ശ്രമിച്ചു. കറുപ്പിലും വെളുപ്പിലും തെളിഞ്ഞിട്ടുള്ള ദൃശ്യങ്ങള്‍ക്കപ്പുറത്തായി എവിടെയോ നിരവധി വര്‍ണ്ണങ്ങള്‍ ചാമ്പിയ ആ രാത്രിയുടെ പകപ്പത്രയും ത്രിമാനങ്ങളിലായി പതിഞ്ഞു കിടപ്പുണ്ടെന്നു മാത്തച്ചന് ഉറപ്പുണ്ടായിരുന്നു.
5
ബീഡി ആഞ്ഞുവലിച്ച് പുകയൂതി വിട്ടുകൊണ്ട് കുമ്പിക്കാടന്‍ ഭാസ്കരന്‍ ആ പടം ഒന്നു നോക്കി.
' നിങ്ങളന്നു കേറിവരുന്നതുകണ്ടപ്പോള്‍ എനിക്കീ അപ്പുനായേ കൊല്ലന്‍ തോന്നിയതാ', കേശവന്‍ പോറ്റിയെ നോക്കി കണ്ണിറുക്കിക്കൊണ്ട് അയാള്‍ പറഞ്ഞു.
സ്വതേ ചിരി വഴങ്ങാത്ത ഭാസകരന്റെ മുഖത്ത് അപ്പോളൊരു ചിരി വിരിഞ്ഞത് എല്ലാവരും ശ്രദ്ധിച്ചു.
' എന്തൊരു വേഷമാരുന്നു, അത്,' ഭാസ്കരന്‍ കൂടിച്ചേര്‍ത്തു.
ഒരു ക്യാമറയും തോളത്തു തൂക്കിയാണ് നമ്പൂതിരിയുടെ വരവെന്ന് ഭാസ്കരന്‍ കണ്ടു. അവന്‍ ഇറമ്പത്തേക്കു കാര്‍ക്കിച്ചൊന്നു തുപ്പി. ഇരുട്ടിന്റെ മറപറ്റി ആ രൂപത്തിന്റെ തലയ്ക്കുനേരെ ഒരു കല്ലു ചാണ്ടിയാലോ എന്നു പോലും അവനു തോന്നി.. അത്രയ്ക്കും വെറുപ്പുണ്ടായിരുന്നു കേശവന്‍ പോറ്റിയെന്ന കഥാപാത്രത്തോട് അവന്. അതിന്റെ കാരണം ചോദിച്ചാല്‍ ഉത്തരമില്ലെന്നു മാത്രം.
ഡിഗ്രി പഠനം പാതിവഴിക്കുപേക്ഷിച്ച് സിനിമാക്കമ്പം പിടിച്ചു നടക്കുന്നതെക്കേയില്ലത്തെ സന്തതിയോട് പൊതുവേ അക്കാലത്ത് അത്തരമൊരു വര്‍ജ്യത ഉണ്ടായിരുന്നു. നാട്ടുകാരേറെയിഷ്ടപ്പെട്ട ഒരു മേല്‍ശാന്തിയുടെ മകനായതുകൊണ്ടുകൂടിയായിരുന്നു ആ മനോഭാവം. കള്ളുകുടിയടക്കം എല്ലാ ദുശ്ശീലങ്ങളും അയാള്‍ക്കുണ്ടെന്നു ഭാസ്കരനറിയാം. നാട്ടുകാരുടെ പൊതു അഭിപ്രായത്തിന്റെ തരത്തിലുള്ള ഒരു അപ്രിയമല്ല താനും അവന്റേത്. അവന് അയാളെ ഒരിക്കലും അത്ര സുഖകരമായി തോന്നിയില്ല.ആ നടപ്പുംഭാവവും സംഭാഷണരീതിയുമെല്ലാം ഒരു വല്ലാത്ത അഹന്തയെ സ്ഫുരിപ്പിക്കുന്നുണ്ടെന്നായിരുന്നു ഭാസ്കരന്റെ വിലയിരുത്തല്‍.
നമ്പൂതിരിയുടെ അപ്രതീക്ഷിതമായ ഈ വരവ് അതുകൊണ്ടുതന്നെ അവന്റെയും ഉത്സാഹം കെടുത്തി. അതിനു കാരണക്കാരനായ അപ്പുനായരോടായിരുന്നു അവനേറ്റവും പകതോന്നിയത്. ആ പന്നിയ്ക്ക് ഇന്നു ശരിയ്ക്കൊരു പണികൊടുക്കണം എന്ന് അവന്‍ മനസ്സില്‍ കുറിച്ചിട്ടു.
The very idea of publishing a novel in a blog ,as in a Magazine has a novelty about it.It may be a pioneering effort in the history of cyber world ,at least in malayalam,that such an attempt it is being made.Hats off to that boldness first ! Whatever it may be,one thing is sure that Njalikandom is sure to assume the status of a 'Kerala Macondo',in the sense that the place is a recurrent motif of this author's oeuvre, though the suggestion may be unpalatable to many of our traditional coffee house critics.
ReplyDeleteThe portrayal of the characters could have been more vivid and correlated.A soul searching journey through the complex mind scape of the Njalikandom Brothers is expected in the coming posts